പത്മശ്രീ അലി മണിക്ഫാൻ | Others-Grassroots Innovation | Lakshadweep | Awarded PADMA SHRI |2021
ലോകം അദ്ഭുതപ്പെട്ടു; കുഞ്ഞു ദ്വീപിലെ വലിയ ശാസ്ത്രജ്ഞൻ; പത്മശ്രീ അലി മണിക്ഫാൻ
ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചവരുടെ പട്ടികയിൽ അലി മണിക്ഫാൻ എന്നൊരു പേരും കാണാം. ആരാണ് മണിക്ഫാൻ? അദ്ദേഹത്തിന് എന്തിന്റെ പേരിലാണ് ഇത്രയും വലിയ അംഗീകാരം നൽകി രാജ്യം ആദരിക്കുന്നത്. അതെ, അലി മണിക്ഫാൻ എന്ന സാധാരണ മനുഷ്യൻ ലോകത്തെ അദ്ഭുതപ്പെടുത്തിയ ശാസ്ത്രജ്ഞനാണ്. രൂപത്തിലും വേഷത്തിലും അത്ര ശ്രദ്ധിക്കപ്പെടില്ലെങ്കിലും ഗവേഷണ പ്രബന്ധങ്ങളുടെ പേരിൽ രാജ്യാന്തര സര്‍വകലാശാലകൾ വരെ ഏറെ വീക്ഷിക്കുന്ന വ്യക്തിയാണ് മണിക്ഫാൻ.
കടലും കരയും ആകാശവും ബഹിരാകാശവും കൃത്യമായി നിരീക്ഷിച്ച് പഠിച്ച് റിപ്പോർട്ടുകൾ തയാറാക്കുന്ന ഗവേഷകനാണ് മണിക്ഫാൻ. കുഞ്ഞുനാളിൽ കിട്ടിയ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് മണിക്ഫാന്‍ നേടിയെടുത്തത് കണ്ടുപിടുത്തങ്ങളുടെ വലിയൊരു ലോകം തന്നെയായിരുന്നു. സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ അറിയപ്പെടുന്നതെങ്കിലും ഇതിനേക്കാൾ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16നാണ് മണിക്ഫാൻ എന്ന ഗവേഷകൻ ജനിച്ചത്. അന്നത്തെ കാലം ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്നു. ഇതിനാൽ അലി മാണിക്ഫാൻ കണ്ണൂരിലെത്തി പ്രാഥമിക വിദ്യഭ്യാസം നേടി. എന്നാൽ, അന്ന് നിലനിന്നിരുന്ന വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് മണിക്ഫാൻ എതിരായിരുന്നതിനാൽ കണ്ണൂരിൽ നിന്ന് മിനിക്കോയിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണ് എന്നതായിരുന്നു ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
എന്നാൽ, പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള മണിക്ഫാൻ ഇന്ന് മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹൽ, അറബി, ഉർദു, ഇംഗ്ലിഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ തുടങ്ങി പതിനാലിൽ പരം ഭാഷകൾ സംസാരിക്കും. സമുദ്ര ഗവേഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ, സാമൂഹ്യശാസ്ത്രജ്ഞൻ, ടെക് വിദഗ്‌ധൻ, പരിസ്ഥിതി പ്രവർത്തകൻ, കർഷകൻ, പ്രകൃതി നിരീക്ഷകൻ, ഇസ്‌ലാമിക് പണ്ഡിതൻ എന്നിവയെല്ലാം മണിക്ഫാന്റെ പേരിലുള്ള വിശേഷണങ്ങളാണ്.
സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും വിനിയോഗിച്ചിട്ടുള്ളത്. 1956ൽ അധ്യാപകനായും തുടർന്ന് കേന്ദ്ര സർക്കാരിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫിസിലും സേവനം ചെയ്തിട്ടുണ്ട്. എന്നാൽ സമുദ്ര ഗവേഷണമാണ് അദ്ദഹേത്തിന് ഏറ്റവും താത്പര്യമുള്ള വിഷയം. തുടർന്ന് 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേരുകയായിരുന്നു.
മണിക്ഫാന്റെ പേരിൽ ഒരു മത്സ്യവർഗം തന്നെ അറിയപ്പെടുന്നുണ്ട്. അലിമണിക് ഫാൻ കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി (അബൂഡെഫ്ഡഫ് മണിക്ഫാനി). ഡഫ്സഫ് മൽസ്യവർത്തിലെ അനേകം സ്പീഷ്യസുകളിലൊന്നാണിത്. പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ്.ജോൺസ് അപൂർവയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്റെ ഈ നേട്ടത്തെയും പ്രത്യേകം പരാമർശിക്കുന്നുണ്ട്. 400 മൽസ്യ ഇനങ്ങളെ തിരിച്ചറിയാൻ മണിക്ഫാന് സാധിക്കുമെന്നത് ഗവേഷകരെ വിസ്മയിപ്പിക്കുന്നതാണ്.
• ഇഷ്ടമില്ലാത്ത വിഷയങ്ങൾ പഠിച്ച് സമയം കളയരുത്
കുട്ടികാലത്ത് തന്നെ എന്തെങ്കിലും സ്വയമായി പഠിച്ച് നേടണമെന്ന വാശിക്കാരനായിരുന്നു മണിക്ഫാൻ. ഇതിനാലാണ് പരമ്പരാഗത വിദ്യാഭ്യാസ രീതിയെ അദ്ദേഹം എന്നും വിമര്‍ശിച്ചിരുന്നത്. ചെറുപ്പത്തിൽ തന്നെ പഠിക്കാനായി കേരളത്തിലേക്ക് വന്നെങ്കിലും തനിക്ക് വേണ്ടാത്ത, ഇഷ്ടമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ അദ്ദേഹം തയാറായില്ല. പഠിക്കാൻ കുട്ടികളെ സ്വതന്ത്രമായി വിടണമെന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. ഒരിക്കലും ഇഷ്ടമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ സമയം കളയരുതെന്നും ആഗ്രഹമുള്ളത് പഠിക്കാൻ മുന്നിട്ടിറങ്ങണമെന്നുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
• സ്വന്തമായൊരു ഹിജ്റ കലണ്ടർ
മുസ്‌ലിം സമൂഹത്തിന് ലോകത്ത് എവിടെയും ഉപയോഗിക്കാൻ സാധിക്കുന്ന ഹിജ്റ കലണ്ടറും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലെ രീതികൾ മാറി എല്ലാ രാജ്യങ്ങളിലും ഒരു ദിവസം തന്നെ മുസ്‌ലിം ആഘോഷങ്ങൾ നടത്തണമെന്നാണ് ഈ കലണ്ടറിൽ പറയുന്നത്. എന്നാൽ, ഈ കലണ്ടറിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇത് ഇസ്‌ലാമിക് നിയമങ്ങൾക്ക് ചേരുന്നതല്ലെന്നും പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമെ ഒരു സ്ഥലത്ത് ആഘോഷങ്ങൾ നടത്താനാകൂ എന്നതാണ് മതനിയമം. എന്നാൽ, ജ്യോതിശാസ്ത്രവും ജ്യോതിഷവും രണ്ടാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.
Comments
Post a Comment